നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസം: ആധാര്‍-വോട്ടര്‍ ഐഡി നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

0

കോഴിക്കോട്: വിദേശത്തുള്ള മലയാളി പ്രവാസികളുടെ പരാതികളില്‍ ദ്രുതഗതിയില്‍ തീര്‍പ്പുണ്ടാക്കുന്നതിനും അടിയന്തര സന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കുന്നതിനുമായി ഇന്ത്യന്‍ എംബസികളുമായി നേരിട്ട് ബന്ധപ്പെടാന്‍ അതിവേഗ സമ്പര്‍ക്ക സംവിധാനം നടപ്പിലാക്കുന്നു. പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം. ചെറിയ അവധിക്കാലങ്ങളില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രയാസമായ ആധാര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളിലെ അപേക്ഷകളും തിരുത്തലുകളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സൗകര്യമൊരുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു.

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൃത്യസമയത്ത് ലഭിക്കാത്തതിലെ ആശങ്കയും അംഗത്വ അപേക്ഷകള്‍ വെച്ചുതാമസിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാതികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നോര്‍ക്ക സാന്ത്വനം പദ്ധതി വഴി നിലവില്‍ നല്‍കിവരുന്ന 50000 രൂപയുടെ ചികിത്സാ സഹായം വര്‍ധിപ്പിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ ചികിത്സാ സഹായവും മരണാനന്തര ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ കടുത്ത നിര്‍ദേശം നല്‍കി.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനുള്ള നിലവിലെ പ്രായപരിധി 70 വയസായി ഉയര്‍ത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായധനം ലഭ്യമാക്കുക, സാങ്കേതികപരമായ കാരണങ്ങളാല്‍ ആനുകൂല്യങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ വ്യവസ്ഥകളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയായി

You might also like