TOP NEWS| ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: കാനഡയിലെ തദ്ദേശീയ നേതാക്കള്‍

0

 

ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: കാനഡയിലെ തദ്ദേശീയ നേതാക്കള്‍

ഒട്ടാവ: കാനഡയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി കാനഡയിലെ തദ്ദേശീയ നേതാക്കള്‍. റെസിഡെന്‍ഷ്യല്‍ സ്കൂള്‍ അതിക്രമങ്ങളെ അതിജീവിച്ച തദ്ദേശീയ ഗോത്ര സംഘടനകള്‍ക്ക് ഈ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന ഊഹാപോഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പങ്കില്ലെന്നും ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശീയ നേതാക്കളും റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കഴിഞ്ഞിട്ടുള്ളവരും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 21ന് ശേഷം നിരവധി കത്തോലിക്കാ ദേവാലയങ്ങളാണ് കാനഡയില്‍ പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇതിനു പുറമേ, കത്തോലിക്കാ ദേവാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഭാഗികമായി കത്തി നശിക്കുകയോ, ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

നേരത്തെ പ്രവർത്തനം അവസാനിപ്പിച്ച കത്തോലിക്ക റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്ന് തദ്ദേശീയരായ കുട്ടികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് ആക്രമങ്ങള്‍ നടന്നത്. ഇതേത്തുടര്‍ന്നു അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് ഗോത്രവര്‍ഗ്ഗ സംഘടനകള്‍ ആണെന്ന ആരോപണവും ഉയര്‍ന്നിരിന്നു. ഗോത്രവര്‍ഗ്ഗമേഖലയിലാണ് ദേവാലയങ്ങള്‍ കൂടുതലായും അഗ്നിക്കിരയായത്. ആല്‍ബര്‍ട്ടാ, ഒന്‍റാരിയോ എന്നീ പ്രവിശ്യകളിലെ ദേവാലയങ്ങളാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായിരിക്കുന്നത്. കാല്‍ഗരിയിലെ വിയറ്റ്നാമീസ് ദേവാലയമായ അലയന്‍സ് ദേവാലയം, ഒന്‍റാരിയോയിലെ സിക്സ് നാഷന്‍സ് ലാന്‍ഡിലെ ജോണ്‍സ്ഫീല്‍ഡ് ബാപ്റ്റിസ്റ്റ് ദേവാലയം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രണ്ടു തീപിടുത്തങ്ങളും മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയം പോലീസ് ഉയര്‍ത്തിയിരിന്നു. സ്പ്രൂസ്‌ലാന്‍ഡിലെ ട്രിനിറ്റി യുണൈറ്റഡ് ചര്‍ച്ചിലുണ്ടായ തീപിടുത്തവും പോലീസ് അന്വേഷിക്കുന്നുണ്ട്. തീപിടുത്തമുണ്ടായ ദേവാലയങ്ങളില്‍ 4 എണ്ണം ബ്രിട്ടീഷ് കൊളംബിയയിലുള്ള ദേവാലയങ്ങളാണ്.

You might also like