കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട മൂന്ന് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
കൊല്ലം: കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടെ അപകടത്തില്‍പെട്ട മൂന്ന് തൊഴിലാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം പെരുമ്പുഴ കോവില്‍മുക്കില്‍ ഇന്ന് 11.30 ഓടെയാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിര്‍മിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണര്‍ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറില്‍ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്.
ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെത്തിക്കുമ്ബോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ്സ് ഉദ്യേഗസ്ഥന്‍ കരക്കെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.