TOP NEWS| ക്രിക്കറ്റ് പന്തെടുക്കാന്‍ മാലിന്യ ടാങ്കിലിറങ്ങിയ രണ്ട് യുവാക്കള്‍ക്ക് മരണം
ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. നോയിഡ സെക്ടർ ആറിലാണ് സംഭവം.
കളിക്കിടെ പന്ത് എടുക്കാനായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽനിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കൾ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. ജൽനിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന് നാലുപേരെയും പുറത്തെടുത്ത് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരിച്ചിരുന്നു.