മലയാളി വിദ്യാർത്ഥിനി യുഎൻ എ എ സെക്രട്ടറി

0

ബ്രിസ്‌ബെയ്ന്‍: ഐക്യ രാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയയുടെ സെക്രട്ടറി സ്ഥാനത്ത് കേരളത്തിന്റെ പെണ്‍കരുത്ത്.


ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയും ക്യൂന്‍സ് ലാന്‍ഡ് ഗ്രിഫിത് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ സൈക്കോളജി-ക്രിമിനോളജി വിദ്യാര്‍ത്ഥിനിയുമായ തെരേസ ജോയിയ്ക്കാണ് ഐക്യരാഷ്ട്രസഭ അസോസിയേഷന്റെ ഓസ്ട്രേലിയ ക്യുന്‍സ്‌ലാന്‍ഡ് ഡിവിഷന്‍ സെക്രട്ടറി സ്ഥാനം ലഭിച്ചത്. അസോസിയേഷന്‍ ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ മുഖ്യസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.


മുന്‍ ഓസ്ട്രേലിയന്‍ സെനറ്റര്‍ ക്ലെയര്‍ മോര്‍ (പ്രസിഡന്റ്), മുന്‍ മന്ത്രി റോഡ് വെല്‍ഫോര്‍ഡ്, അനറ്റ് ബ്രൗണ്‍ലി, വെൻണ്ടി ഫ്ലാനെറി (വൈസ് പ്രസിഡന്റുമാര്‍), കാമറോൺ ഗോർഡൻ (ട്രഷറര്‍),ജോയൽ ലിൻഡസേ ( യു എൻ യെങ് പ്രൊഫഷണൽ മെമ്പർ), രെൻണ്ടൽ ന്യൂവ് (പീസ് കീപ്പിങ് മെമ്പർ) ഡോ. ഡോണൽ ഡേവിസ് (ഇമ്മിഡിയറ്റ് പാസ്ററ് പ്രസിഡന്റ ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഐക്യ രാഷ്ട്ര സഭയുടെ അംഗത്വമുള്ള 195 രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ എട്ട് വര്‍ഷം നീണ്ട ഗവേഷണം നടത്തി മുഴുവന്‍ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങള്‍ മന:പാഠമാക്കിയ തെരേസ ആഗ്‌നസ് സഹോദരിമാരിൽ ഒരാളാണ് തെരേസ ജോയി. 2020 ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ആഗോള തലത്തില്‍ ‘സല്യൂട്ട് ദ നേഷന്‍സ്’ എന്ന പേരില്‍ ഐക്യ രാഷ്ട്ര സഭയിൽ അംഗത്വമുള്ള വിവിധ രാജ്യങ്ങളില്‍ ദേശീയ ഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസ ജോയിയും ആഗ്നസ് ജോയിയും. രാജ്യാന്തര ഇവന്റ് നടത്തി ലഭിക്കുന്ന പണം ലോക സമാധാനവും മാനവ സ്നേഹം ഊട്ടിയുറപ്പിക്കാനും കുട്ടികളുടേയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്താനും ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്കും സമാന പ്രവർത്തന ങ്ങൾ നടത്തുന്ന സംഘടനകൾക്കും സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടേയും പ്രവര്‍ത്തനം. കുട്ടികളുടേയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാക്കി ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ആഗ്‌നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷന്‍ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇരുവരും.

ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ എഴുത്തുകാരനും സംവിധായകനുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശിയുമായ ജോയ്.കെ.മാത്യുവിന്റെയും ക്യൂന്‍സ്‌ലാന്‍ഡിലെ നഴ്‌സ് ആയ ജാക്വിലിന്‍ ജോയിയുടേയും മക്കളാണ് ഇരുവരും.

You might also like