വിമാനത്താവളത്തിന് എതിരെ ഒരു വര്‍ഷം 12,272 പരാതികള്‍, ദിവസം 34 എണ്ണം, എല്ലാം ഒരാളുടെ വക!
വിമാനത്താവളങ്ങള്‍ക്ക് പരാതികള്‍ ലഭിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഡബ്ലിന്‍ വിമാനത്താവളത്തെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പരാതികളുടെ പെരുമഴയായിരുന്നു. 2021-ല്‍ മാത്രം ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെതിരെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് 13,569 പരാതികളാണ് ലഭിച്ചത്. ഏറ്റവും രസകരമായ കാര്യം ഈ പരാതികളില്‍ 12,272 പരാതികളും വിമാനത്താവളത്തിനടുത്ത് എവിടെയോ താമസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ളതായിരുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ച പരാതികളുടെ 90 ശതമാനവും ആ അജ്ഞാത വ്യക്തിയില്‍ നിന്നുള്ളതായിരുന്നു. ഒരു വര്‍ഷം 12,272 പരാതികള്‍ എന്ന് പറയുമ്പോള്‍ പ്രതിദിനം ശരാശരി 34 പരാതികളെങ്കിലും അയാള്‍ നല്‍കിയിരിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.