സിഡ്‌നിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി യുവതി മരണപ്പെട്ടു
സിഡ്‌നി: ആഗോള കൺസൾട്ടിങ് ആൻഡ് അക്കൗണ്ടിങ് കമ്പനിയായ E&Y യുടെ സിഡ്‌നി ഓഫീസിൽ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിയായ (27 വയസ്സ്) മലയാളി യുവതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദുരൂഹ സാഹചര്യത്തിൽ ഓഫീസിൽ വെച്ച് മരണപ്പെട്ടു. വിവാഹശേഷം ഒരു വർഷത്തോളമായി സിഡ്‌നി നഗരത്തിലുള്ള ഡാർലിംഗ് ഹാർബറിൽ ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി.
യുവതിയുടെ ഭർത്താവ് തന്റെ ജോലിയുടെ ഭാഗമായി സിംഗപ്പൂരിൽ പോയി മടങ്ങി വന്നപ്പോൾ, എയർപോർട്ടിൽ തന്നെ സ്വീകരിക്കാൻ ഭാര്യ വരാതിരുന്നതിനാൽ നടത്തിയ അന്വേഷണത്തിലാണ് ഈ ദുഃഖവാർത്ത അറിയാൻ ഇടയായത്. തലേദിവസം ഓഫീസിൽ നടന്ന സത്കാര വിരുന്നിന് ശേഷം, വീട്ടിലേക്ക് മടങ്ങിയ വേളയിലാണ് ദുരന്തം ഉണ്ടായതെന്നാണ് അദ്ദേഹത്തിനും, പോലീസിനും അനുമാനിക്കാൻ കഴിഞ്ഞിട്ടുള്ളത്. ദുരൂഹ സാഹചര്യത്തിൽ ഭാര്യ മരിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണവുമായി സഹകരിച്ചുവരുന്നതിനാൽ ആരുടേയും വ്യക്തിവിവരങ്ങൾ പ്രസിദ്ധപ്പെടുത്താനാകില്ല.
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി ദുഃഖാർത്ഥരായ കുടുംബത്തിന്, എല്ലാവിധ സഹായവും നൽകി കൂടെയുണ്ടാവുമെന്നും, യുവതിയുടെ കുടുംബ സുഹൃത്തുക്കളുമായും ഭർത്താവുമായും സംസാരിച്ചതിനുശേഷം മുൻ സിഡ്‌നി മലയാളി അസോസിയേഷൻ പ്രെസിഡന്റും മുതിർന്ന അംഗവുമായ കെ.പി ജോസ് പറഞ്ഞു.