ലോകസമാധാനത്തിനായി കത്തോലിക്കാ സഭ പ്രാർത്ഥനാ ദിനമാചരിച്ചു

0

ഇസ്രായേലും പാലസ്തീനയും തമ്മിൽ വിശുദ്ധ നാട്ടിൽ സംഘർഷം തുടരുന്നതിനിടെ ഒക്ടോബർ 18 ന് പൊതുകൂടികാഴ്ചാ പരിപാടിയിൽ സമാധാനത്തിനായുള്ള ആഗോള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ഫ്രാൻസിസ് പാപ്പാ നൽകിയ  ആഹ്വാനം അനുസരിച്ച്  ഒക്ടോബർ 27ന് വിശ്വാസികൾ പ്രാർത്ഥനാ ദിനമാചരിച്ചു.

കത്തോലിക്കാ സഭയുടെ തലവനായ പാപ്പാ ക്രിസ്ത്യാനികളെ മാത്രമല്ല, ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യം പങ്കിടുന്ന എല്ലാ മതവിശ്വാസികളെയും പ്രാർത്ഥിക്കാനായി ക്ഷണിക്കുകയായിരുന്നു. പ്രക്ഷുബ്ധമായ ഈ കാലഘട്ടത്തിൽ സമാധാനത്തിനായി യാചിക്കാൻ , ഉപവാസത്തിന്റെയും, പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും ദിവസത്തിൽ പങ്കെടുക്കാൻ പാപ്പാ ആഹ്വാനം ചെയ്തിരുന്നു.

വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ സഹോദരീസഹോദരന്മാരെയും മറ്റ് മതങ്ങളിൽ നിന്നുള്ളവരെയും ലോകത്തിൽ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരേയും അവർക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ ഈ സംരംഭത്തിൽ പങ്കുചേരാൻ താ൯ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

അക്രമങ്ങളാൽ അടയാളപ്പെടുത്തിയ ലോകത്തിന്റെ സമാധാനത്തിനു വേണ്ടി ഒരു ദിവസത്തെ ഉപവാസത്തിനു ശേഷം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പ്രാർത്ഥനയായിരുന്നു ഈ ആഗോള പരിപാടിയുടെ കേന്ദ്രബിന്ദു. ഫ്രാൻസിസ് പാപ്പാ വീൽചെയറിൽ മാതാവിന്റെ രൂപത്തിനു മുന്നിലേക്കാണ് ചെന്നത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മനസാന്തരപ്പെടുത്താനും, കുട്ടികളുടെ കണ്ണീർ തുടക്കാനും, സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചത്തിന്റെ മിന്നൽ തെളിക്കാനും പാപ്പാ പ്രാർത്ഥിച്ചു.

You might also like