ഗൃഹപ്രവേശം നടക്കാനിരിക്കെ പുതുച്ചേരിയിൽ മൂന്നുനില വീട് തകർന്ന് വീണു

0

പുതുച്ചേരി: ഗൃഹപ്രവേശം നടക്കാനിരിക്കെ പുതുച്ചേരിയിലെ മൂന്ന് നില വീട് തകർന്ന് വീണു. ആട്ടുപട്ടിയിലെ അംബേദ്കർ നഗർ കോളനിയിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. പ്രദേശത്ത് അശാസ്ത്രീയമായി നടന്ന അഴുക്കുചാൽ നിർമാണമാണ് വീട് തകരാൻ കാരണമെന്ന് ഉടമ ആരോപിച്ചു. എന്നാൽ, അടിത്തറക്ക് ബലമില്ലാത്തതാണ് വീട് തകരാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

അഴുക്കുചാൽ നിർമാണം പുരോഗമിക്കുന്നതിനിടെ ആർ.സാവിത്രിയുടെ വീട് കനാലിലേക്ക് ചെരിയുകയായിരുന്നു. പണി പുരോഗമിക്കുന്നതിനാൽ വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. റോഡി​ലൂടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയാണ് വീട് തകരുന്നത് അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

സർക്കാർ സഹായത്തോടെയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവർ ഗൃഹനിർമാണം തുടങ്ങിയെങ്കിലും പണമില്ലാത്തതിനാൽ നിർത്തിവെച്ചു. പിന്നീട് വായ്പകളെടുത്തും ആഭരണം പണയംവെച്ചുമാണ് നിർമാണം പൂർത്തീകരിച്ചത്. ഫെബ്രുവരി 11ന് ഗൃഹപ്രവേശം നടക്കാനിരിക്കെയാണ് വീട് തകർന്നത്.

മുന്നറിയിപ്പില്ലാതെ അഴുക്കുചാലിന്റെ അറ്റകുറ്റപ്പണി നടത്തിയതാണ് വീട് തകരാൻ കാരണമെന്ന് ഉടമയുടെ മരുമകൻ പറഞ്ഞു. അതേസമയം, ഇവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എ അൻപ​ഴകൻ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

You might also like