ബോംബ് സ്ഫോടനങ്ങൾ ബലൂചിസ്ഥാനിൽ തുടർക്കഥയാകുന്നു : പൊതുതെരഞെടുപ്പ് വരെ പ്രവിശ്യയിൽ പൊതുയോഗങ്ങൾക്ക് വിലക്ക്

0

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഫെബ്രുവരി 8 ന് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊതുയോഗങ്ങൾക്കും തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി. ബലൂചിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി ജാൻ അചക്‌സായി ഞായറാഴ്ച എക്സിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രവിശ്യയിൽ അപകടസാധ്യത കുറയ്‌ക്കുന്നതിന് എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും അവരുടെ യോഗങ്ങൾ വീടിനുള്ളിൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഒരു സ്ത്രീ ചാവേർ ബോംബർ ആയേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാൻ സർക്കാർ ക്വറ്റയിൽ പൊതുയോഗങ്ങൾക്കും തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. പൊതു സുരക്ഷയ്‌ക്ക് ബലൂചിസ്ഥാൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നു, അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആവശ്യകതയും തിരിച്ചറിയുന്നു,” – അചക്‌സായ് എക്‌സിൽ പോസ്റ്റ് ചെയ്തു.

ബലൂചിസ്ഥാൻ പ്രവിശ്യയിൽ വ്യാഴാഴ്ച കുറഞ്ഞത് 10 ബോംബ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ക്വറ്റയിലെ സ്പിന്നി പ്രദേശത്തെ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി റോഡിലെ ഫുട്പാത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചുവെന്ന് പോലീസ് മേധാവി താരിഖ് പറഞ്ഞു. എട്ട് കിലോയോളം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടകവസ്തുവിൽ ഉപയോഗിച്ചതെന്നും താരിഖ് കൂട്ടിച്ചേർത്തു.

രാജ്യം തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, ബലൂചിസ്ഥാനിലും ഖൈബർ-പഖ്തൂൺഖ്‌വയിലും നിരവധി ഭീകരപ്രവർത്തനങ്ങളാണ് അരങ്ങേറുന്നത്. ഇതിനു പുറമെ പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും ഭീഷണി മുഴക്കിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവും സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ നടത്തുന്നതിന് പൂർണ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി മുർതാസ സോളാംഗി ശനിയാഴ്ച പറഞ്ഞു.

You might also like