ഒളിമ്പിക്‌സ് മത്സരങ്ങൾ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി : ഒളിമ്പിക്‌സ് മത്സരങ്ങൾ ലോക സമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാകട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ.
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളെ സമാധാനപരമായി ഒന്നിപ്പിക്കാൻ കഴിവുള്ള മഹത്തായ ഒരു സാമൂഹിക ശക്തി കായികവിനോദങ്ങൾക്ക് ഉണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു.
“ഈ മത്സരങ്ങൾ നമ്മൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ലോകത്തിൻ്റെ അടയാളമാകുമെന്നും അത്ലറ്റുകൾ സമാധാനത്തിൻ്റെ സന്ദേശവാഹകരും യുവാക്കൾക്ക് മാതൃകകളാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെ അനുസ്മരിച്ചുകൊണ്ട് സമാധാനത്തിനായി പ്രാർത്ഥിക്കാൻ മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. യുദ്ധത്തിൽ രക്തസാക്ഷികളായ ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ, തുടങ്ങി നിരവധി രാജ്യങ്ങളെ നാം മറക്കരുത്. യുദ്ധം ഒരു പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
33-ാമത് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങ് ജൂലൈ 26 ന് പാരീസിൽ നടക്കും, ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. 10,500 കായികതാരങ്ങൾ പങ്കെടുക്കും.