കണ്ണീര്‍ക്കടലായി ആര്‍സിബിയുടെ വിജയാഘോഷം: മരണസംഖ്യ ഉയരുന്നു; 11 മരണം സ്ഥിരീകരിച്ചു, അമ്പതിലധികം പേര്‍ക്ക് പരിക്ക്

0

ബംഗളുരു: ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ സ്വീകരണ പരിപാടി ബംഗളൂരുവില്‍ നടക്കുന്നതിനിടെ ഉണ്ടായ തിക്കിലും തികക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദുരന്തമുണ്ടായത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. നിലവില്‍ പതിനഞ്ചിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ നഗരത്തില്‍ നിന്ന് മടങ്ങാന്‍ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്ക് കാരണം ദുരന്ത സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇന്ന് ഉച്ച മുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കുകയായിരുന്നു. താരങ്ങള്‍ ട്രോഫിയുമായി ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ വന്‍ ജനക്കൂട്ടം നഗരത്തില്‍ തടിച്ചൂ കൂടിയിരുന്നു

You might also like