നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കാന്‍ കോളജ് മാനേജ്മെന്റ് തീരുമാനം; ക്ലിനിക്ക് അടച്ചുപൂട്ടി

0

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡോ. കെ. റാമിനെ കോളജില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം.

ഇന്ന് ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം കോളജ് മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് മുമ്പും ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നിതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണ വിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും മാനേജ്മെന്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഡോ. റാമും ഡോ. സംഗീതയും നിലവില്‍ സസ്പെന്‍ഷനിലാണ്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഡോ. റാം പ്രതിയാണ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയും പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കണ്ണൂര്‍ പാലയോടുള്ള ഡോ. റാമിന്റെ ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്ലിനിക്ക് അടച്ചു പൂട്ടിയെന്ന ബോര്‍ഡും സ്ഥാപിച്ചു

You might also like