പരിസ്ഥിതി ദിനം, മെയ് ദിനം എന്നപോലെ പാസ്റ്റർമാരുടെ മക്കളുടെ ദിനമോ? എന്ത് അടിസ്ഥാനത്തിൽ? – പാസ്റ്റർ പ്രിൻസ് നിലംബൂർ
പരിസ്ഥിതി ദിനം, മെയ്ദിനം, വാലന്റൈൻ ദിനം, ടീച്ചർസ് ഡേ, ബർത്ത് ഡേ എന്നൊക്കെ പറയുന്നത് പോലെ അടുത്ത ഒരു ദിനം രൂപപ്പെടുത്തി ചിലർ രംഗത്തു വന്നിട്ടുണ്ട്. പാസ്റ്റർമാരുടെ മക്കളുടെ ദിനം. ഇങ്ങനെ ഒരു ദിവസം ഉണ്ടാക്കാൻ മിനക്കെടുന്നതിന്റെ കാരണം എന്താണ്, എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത❓️
ഒന്ന് ചോദിച്ചോട്ടെ, ഇങ്ങനെ ഒരു ദിനം ആഘോഷിക്കാൻ നടക്കുന്നവരുടെ കൂട്ടത്തിൽ വിശ്വാസികളുടെ മക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു എങ്കിൽ, നിങ്ങൾ സത്യത്തിൽ പാസ്റ്റർമാരുടെ മക്കൾ തന്നെയാണോ ❓️ അഥവാ പാസ്റ്റർമാരുടെ മക്കൾ ആണെങ്കിൽ നിങ്ങളുടെ പിതാക്കന്മാർക്ക് സ്തോത്രകാഴ്ച കൊടുത്തവരെയും അവരുടെ മക്കളെയും ആക്ഷേപിക്കുന്ന ഭോഷ്‌കിന് വേണ്ടി നിങ്ങൾ ഒരു ദിവസമായി കൊണ്ടാടുമോ ❓️
വാസ്തവത്തിൽ, തിന്ന് എല്ലിനിടയിൽ കയറിയ കുറെയെണ്ണം അപ്പന്മാരുടെ കഷ്ടത വിവരിച്ചു തങ്ങൾ എന്തോ ആണെന്ന് വരുത്തി തീർക്കാൻ കാണിക്കുന്ന പ്രഹസനം ആണിത്. അതിൽ പലതും മാതാപിതാക്കളെ കൂടി വലച്ചു കളഞ്ഞവർ ആണ്.
ഒരു കാലത്ത്, പെൺകുഞ്ഞുങ്ങൾ ജീൻസ് പാന്റ്സ് ഇട്ട് നടന്നാൽ വിലക്ക് കൽപ്പിക്കുമായിരുന്ന ഉപദേശിമാരുടെ അമ്മാമ്മമാർ ഇന്നു മക്കളെക്കാൾ കഷ്ടം ആണ്. ഇതിന്റെ ബാക്കി വിവരിക്കുന്നില്ല. മക്കളുടെ സ്റ്റാറ്റസ് ആണ് ന്യായീകരണം, ഇത്തരം മക്കൾക്ക് വേണ്ടി ഒരു ദിവസമൊ ❓️.
പല പാസ്റ്റർമാരുടെയും മക്കൾ തെരുവ് ഗുണ്ടകളെക്കാൾ കഷ്ടം ആണ്, ആലപ്പുഴ ഭാഗത്തു സാത്താൻ സഭയിൽ പോയ പാസ്റ്റർ മക്കളെ എനിക്കറിയാം, കൂടാതെ ദുരുപദേശകരായവർ ഉണ്ട്. കുറെയെണ്ണം സുവിശേഷകന്റെ പ്രവർത്തി ജീവിതത്തിൽ അറിഞ്ഞിട്ടില്ലാത്തവർ ആണ്, പണം മുടക്കി കാണിക്കുന്ന പ്രഹസനങ്ങളിൽ മാത്രം തിണ്ണമിടുക്കു കാണിക്കുന്ന കുറെയെണ്ണം വേറെ… ഈ വകയിൽ നിന്ന് വലിയ വ്യത്യാസം ഇല്ലാതെ ജഡം പേറി നടക്കുന്നവരുടെ ദിവസം ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലാത്ത കുറെ പാവങ്ങളെ വഴി തെറ്റിക്കുന്ന സത്താന്യത മാത്രം ആണ്.
എന്റെ അറിവിൽ ഒരു പാസ്റ്ററുടെ മോൻ മുസ്ലിം മതത്തിൽ ചേർന്നു, പാസ്റ്റർ സങ്കടത്തിൽ ആയി, ആ ചെറുക്കൻ പോയി അവരിൽ നിന്ന് പെണ്ണും കെട്ടി, പാസ്റ്ററുടെ ശുശ്രൂഷ പോയി, ഇപ്പോൾ മറ്റു ചില ജോലികൾ ചെയ്ത് ജീവിക്കുന്നു. അദ്ദേഹത്തിന് ഇനിയും ഒരു മോൾഉണ്ട്, ആ കുഞ്ഞിനെ ഓർത്തു കണ്ണീരൊഴുക്കുകയാണ് ആ കുടുംബം, ആ കുഞ്ഞിന് നിഷേധിക്കപ്പെടുന്ന ദിവസം, കൊണ്ടാടുന്ന പാസ്റ്റർമാരുടെ മക്കളുടെ ദിവസം ഒരു ശാപം അല്ലാതെ മറ്റെന്താണ് ❓️
ഒന്ന് കൂടെ ചോദിച്ചോട്ടെ, വിവിധ കാരണങ്ങളിൽ ശുശ്രൂഷകളിൽ നിന്ന് വിരമിച്ചു നിൽക്കുന്ന പാസ്റ്റർസ് ആയിരുന്നവരുടെ മക്കൾ എവിടെ പോകും ❓️ സംഘടനകളുടെ രാഷ്ട്രീയം കാരണം പുറത്താക്കപ്പെട്ട ഹതഭാഗ്യരായ പാസ്റ്റർസ് ഉണ്ട്, അവരുടെ നൊമ്പരങ്ങൾ അറിയാത്ത ഈ തലമുറയുടെ ശപിക്കപ്പെട്ട ഇത്തരം പ്രഹസനങ്ങൾക്ക് ദൈവദാസന്മാരും, ദൈവമക്കളും കയ്യടിച്ചു കൊടുക്കരുത്.
ഒന്നോർക്കുക, ഒരുവൻ പാസ്റ്റർ ആയത്, ആകുന്നത് ദൈവത്താൽ ആണ്, ആ നിലയ്ക്ക് മക്കൾ നന്നായി വളരുക, സുവിശേഷത്തിനു സാക്ഷികൾ ആകുക, അല്ലാതെ പിതാക്കന്മാരുടെ ശുശ്രൂഷയുടെ പേരിൽ മക്കൾ നിഗളികളും ജഡീകാരും ആകരുത്. ആനപ്പുറത്തിരുന്ന അപ്പന്റെ തഴമ്പു എന്ന പഴഞ്ചോല്ലു ഓർപ്പിക്കുന്ന പണി പാസ്റ്റർമാരുടെ മക്കൾ കാണിക്കരുത്.
ആദ്യം പിതാക്കന്മാർ നടന്ന പാതയിൽ നടക്കാൻ ഈ കുഞ്ഞുങ്ങൾ പഠിക്കുകയാണ് വേണ്ടത്, അല്ലാതെ അവരെ പറയിപ്പിക്കുന്ന രീതിയിൽ ജീവിച്ചിട്ട് സൂമിലും, ചാനലിലും അഹങ്കാരം കാണിക്കുകയല്ല വേണ്ടത്.
ജനിച്ച ദിവസം (ബർത്ത് ഡേ ) ഒരു യാഥാർത്ഥ്യം ആണ്, അത് ഉള്ളതാണ്. അത് പോലും ആഘോഷിക്കരുതെന്നു പറഞ്ഞിരിന്നവരുടെ പിൻ തലമുറയ്ക്ക്, പാസ്റ്റർമാരുടെ മക്കളുടെ ദിവസം എവിടെ നിന്ന് കിട്ടി ❓️