ജോണ്‍ ഡിസ്റോഷര് ഖത്തറിലെ അമേരിക്കന്‍ അംബാസഡര്‍
ദോഹ: ഖത്തറിലെ പുതിയ അമേരിക്കന്‍ അംബാസഡര്‍ ആയി ജോണ്‍ ഡിസ്റോഷറെ നിയമിച്ചു. മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞരിലൊരാളായ ഡിസ്റോഷര്, മേഖലയില്‍ വലിയ പരിചയസമ്ബത്തുള്ള വ്യക്തിയാണ്. പുതിയ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നതോടെ ഖത്തറില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധിയായും നയതന്ത്ര പരിപാടികളില്‍ എംബസിയുടെ നായകനായും ഡിസ്റോഷര് അറിയപ്പെടും.
ഖത്തര്‍-അമേരിക്ക തമ്മിലുള്ള നയതന്ത്ര, സൗഹൃദ ബന്ധം ആഴമേറിയതാണെന്നും ഖത്തര്‍-അമേരിക്ക 2021 സാംസ്കാരികവര്‍ഷം ഇതിന് തെളിവാണെന്നും മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് പരസ്പരം സഹകരിക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.2017 മുതല്‍ 2020 വരെ അല്‍ജീരിയയിലെ അമേരിക്കന്‍ അംബാസഡറായി ജോണ്‍ ഡിസ്റോഷര് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇസ്രായേലിനും ലബനാനിനും ഇടയിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ച അദ്ദേഹം, ജോര്ജ്ടൗണ് സര്‍വകലാശാലയിലെ ഡിപ്ലോമസി സ്റ്റഡീസില്‍ സീനിയര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫെലോ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെ ഈജിപ്ത് ആന്‍ഡ് മഗ്രിബ് അഫേഴ്സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയിലെ എഡ്മണ്ട് എ വാല്‍ഷ് സ്കൂള്‍ ഓഫ് ഫോറിന് സര്‍വിസില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം, സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ്സിന്െറ സുപ്പീരിയര്‍ ആന്‍ഡ് മെറിട്ടോറിയസ് ഹോണര്‍ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും സംസാരിക്കും.