TOP NEWS| ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന പ്രവാസികള്‍ക്കിടയില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപയിനുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

0

 

മസ്‌ക്കറ്റ്: മലയാളികള്‍ ഉള്‍പ്പെടെ ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന പ്രവാസികള്‍ക്കിടയില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപയിനുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വൈകി ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപയിന്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലേബര്‍ ക്യാംപുകളില്‍ കഴിയുന്ന ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കു വേണ്ടി അവരുടെ താമസ ക്യാംപുകളില്‍ ചെന്ന് സൗജന്യമായി വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലേബര്‍ ക്യാംപുകളിലുള്ളവര്‍ക്ക് പുറമെ, രാജ്യത്തെ അനധികൃത താമസക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക മൊബൈല്‍ വാക്‌സിനേഷന്‍ ടീമുകള്‍ക്ക് രൂപം നല്‍കും.

അതോടൊപ്പം ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, പ്രായമയവര്‍ തുടങ്ങി അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിന്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ പ്രയാസമുള്ളവര്‍ക്കു വേണ്ടിയാണ് ഈ പ്രത്യേക സംവിധാനം. വീടുകളില്‍ ഇവരെ പരിപാലിക്കുന്നവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചെന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. ഗര്‍ഭിണികള്‍ക്ക് നാലാം മാസം മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

You might also like