TOP NEWS| കോവാക്‌സിന് പിന്നാലെ കോവിഷീൽഡിനും യൂറോപ്യൻ യൂണിയന്റെ അംഗീകാരമില്ല; ഇന്ത്യൻ യാത്രികർക്ക് തിരിച്ചടി

0

 

ബ്രസൽസ്: കോവിഷീൽഡ് വാക്‌സിനും യൂറോപ്യൻ യൂണിയൻ വാക്‌സിൻ ഗ്രീൻ പാസ് പട്ടികയിൽ ഉൾപ്പെടാതിരുന്നതോടെ ഇന്ത്യക്കാരായ യാത്രികർക്ക് തിരിച്ചടി. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യൂറോപ്പിൽ യാത്രാനുമതിക്ക് തടസ്സം നേരിടുമെന്ന് ഉറപ്പായി. യൂറോപ്യൻ യൂണിയൻ ഗ്രീൻ പാസ് നൽകിയ വാക്‌സിനുകളിൽ കോവിഷീൽഡ് വാക്‌സിൻ ഇടംപിടിച്ചിട്ടില്ല. ഗ്രീൻ പാസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ അംഗരാജ്യങ്ങളിലേക്ക് യാത്രാനുമതിയുണ്ടാകൂ. ആഗോള മരുന്ന് നിർമാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീൽഡ് പട്ടികയിൽ ഇടം പിടിക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ നിർമിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിൻ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് ഈ വാക്‌സിൻ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ അറിയപ്പെടുന്നത്. എങ്കിലും ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേർഷന് മാത്രമാണ് യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയിട്ടുള്ളത്.

You might also like