മുഹമ്മദിന്റെ ചികിത്സയ്ക്ക് ലഭിച്ച തുകയില്‍ നിന്നും എട്ടരക്കോടി വീതം രണ്ട് പേര്‍ക്ക്; കാസിമിനും ഇശല്‍ മറിയത്തിനും പുത്തന്‍ പ്രതീക്ഷ

0

മാട്ടൂല്‍: സ്‌പൈനല്‍ മസ്‌കുലര്‍ അസ്‌ട്രോഫി എന്ന ജനിതകരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സയ്ക്ക് സംഭാവന ലഭിച്ച തുകയില്‍നിന്ന് എട്ടരക്കോടി വീതം രണ്ട് പേര്‍ക്ക് നല്‍കും. ഇതേ രോഗാവസ്ഥയിലുള്ള ചാരപ്പടവിലെ കാസിം, ലക്ഷദ്വീപിലെ ഇശല്‍ മറിയം എന്നീ കുട്ടികള്‍ക്ക് എട്ടരക്കോടി രൂപവീതം നല്‍കാനാണ് ചികിത്സാസഹായ കമ്മിറ്റിയുടെ തീരുമാനം.

മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടിയാണ് വേണ്ടിയിരുന്നത്. 46.78 കോടി രൂപ ലഭിച്ചിരുന്നു. മുഹമ്മദിനുംസമാന അസുഖമുള്ള സഹോദരി അഫ്രയ്ക്കും പ്രതീക്ഷിക്കുന്ന ചികിത്സാച്ചെലവിന്റെ തുക കഴിച്ചുള്ളതാണ് മറ്റ് രണ്ട് കുട്ടികള്‍ക്കായി നല്‍കുന്നത്.

ചികിത്സാച്ചെലവിനുശേഷം ബാക്കി വരുന്ന തുക സര്‍ക്കാരുമായി ആലോചിച്ച്‌ കൈമാറാനായിരുന്നു കമ്മിറ്റിയുടെ ആദ്യ തീരുമാനം. ഇതിന് കാലതാമസം നേരിടുന്നതിനാലും രോഗം ബാധിച്ച മറ്റ് രണ്ട് കുട്ടികളുടെയും ആരോഗ്യനില മോശമാകുന്നത് പരിഗണിച്ചുമാണ് പുതിയ തീരുമാനം.

ഇതിനിടെ മുഹമ്മദിന്റെ മറ്റെല്ലാ പരിശോധനകളും പൂര്‍ത്തിയായി. മരുന്നെത്തിയ ഉടനെ ചികിത്സ തുടങ്ങാനാണ് തീരുമാനം. ഒരാഴ്ചയ്ക്കകം മരുന്ന് നാട്ടിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബവും ആശുപത്രി അധികൃതരും.

You might also like