TOP NEWS| മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി; പെരിയാര്‍ തീരത്ത് വൻ ആശങ്ക

0

ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുള്ള തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പെരിയാർ തീരത്ത് താമസിക്കുന്നവരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. പുതിയ ഡാം നിർമ്മിക്കുന്നതിന് തമിഴ്നാടിനു മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബേബി ഡാമിന്‍റെ ബലപ്പെടുത്തൽ പൂർത്തിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഓരോ തവണ ഷട്ടർ തുറക്കുമ്പോഴും സാധനങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പലേക്ക് മാറാൻ തയ്യാറെടുക്കണം. പുതിയ ഡാം വേണമെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നും പുരോഗമിക്കുന്നില്ല.

പേടികൂടാതെ ജീവിക്കണമെങ്കിൽ പുതിയ ഡാം വേണമെന്നാണ് പെരിയാർ തീരത്തുള്ളവർ പറയുന്നത്. ഡിസംബറിൽ കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മന്ത്രി ദുരൈമുരുകൻറെ പ്രസ്താവന പ്രതീക്ഷ ഇല്ലാതാക്കി.

ജലനിരപ്പ് 142 അടിയിൽ എത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നതു സംബന്ധിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധം തണുപ്പിക്കാൻ ബേബിഡാം ബലപ്പെടുത്തൽ ജോലികൾ തുടങ്ങാനുള്ള നടപടികൾ തമിഴ്നാട് വേഗത്തിലാക്കിയേക്കും.

You might also like