കെ-റെയിലിന്റെ പേരിൽ ബാങ്ക് വായ്പ നിഷേധിച്ച സംഭവം; വിഷയത്തിൽ ഇടപെടുമെന്ന് ധനമന്ത്രി
സിൽവർ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പത്തനംതിട്ടയിൽ സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്‌സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും ചാനൽ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസ്സിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാധാമണിയമ്മയ്ക്ക് ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ ബാങ്ക് നൽകിയിരുന്നു. സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നൽകിയില്ലെന്നും രാധമണിയമ്മ പറഞ്ഞു.