ടെക്നോപാർക്കിൽ ബോംബ് പൊട്ടിത്തെറിച്ചു; എക്സൈസ് സംഘം രക്ഷപ്പെട്ടത് അത്ഭുതകരമായി; പരിശോധനയിൽ 80 ലിറ്റർ ചാരായം പിടിച്ചെടുത്തു
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ ബോംബ് പൊട്ടിത്തെറിച്ചു. ഫേസ്-3യിൽ കഴക്കൂട്ടം എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. ടെക്നോപാർക്കിലെ വെയ്സ്റ്റ് ബിന്നിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്.കഞ്ചാവ് പൊതിയെന്ന് കരുതിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സംശയത്തെത്തുടർന്ന് റോഡിൽ എറിഞ്ഞപ്പോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയിൽ നിന്ന് എക്സൈസ് സംഘം അത്ഭുതകരമായി രക്ഷപെട്ടു. ടെക്നോപാർക്കിൽ ഒഴിഞ്ഞ് കിടന്ന കണ്ടെയ്നറിൽ നിന്ന് 80 ലിറ്റർ ചാരായവും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം പിടികൂടിയിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, എക്സൈസ് ഡെപ്യൂട്ടി കമ്മിഷ്ണറും സ്ഥലതെത്തി പരിശോധനടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.