1600 വർഷങ്ങൾക്കിടെ ആദ്യമായി തീർത്ഥാടകരില്ലാതെ വിശുദ്ധ നാട്

0

ജെറുസലേം: കഴിഞ്ഞ ആയിരത്തിഅറുനൂറു വർഷങ്ങളുടെ ചരിത്രത്തിനിടയിൽ ആദ്യമായി ക്രിസ്ത്യൻ തീർത്ഥാടകർ ഇല്ലാതെ ശൂന്യമായി ജെറുസലേം ഉൾപ്പെടുന്ന വിശുദ്ധ നാട്. ഒരിക്കലും നിലയ്ക്കില്ലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വിശുദ്ധ നാട് തീർത്ഥാടനം കൊറോണ മഹാമാരിയെ തുടർന്നു ശൂന്യമായ കാഴ്ചയാണ് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറയുന്നു. ഏറ്റവുമധികം തീർത്ഥാടകർ സന്ദർശിച്ച 2019ന്റെ തൊട്ടടുത്ത വർഷമാണ്‌ വിശുദ്ധനാട് തീർത്ഥാടക പ്രവാഹമില്ലാതെ ശൂന്യമായതെന്നതു ശ്രദ്ധേയമാണ്. കൊറോണ മഹാമാരി തുടരുന്ന സാഹചര്യത്തിൽ ഏതാണ്ട് ഒരു വർഷത്തോളം ഈ അവസ്ഥ തുടരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തെത്തുടർന്ൻ 150 വർഷങ്ങൾക്ക് മുൻപാണ് ജെറുസലേമിലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഇതിനു മുൻപ് കുറവുണ്ടായിട്ടുള്ളത്‌. നൂറ്റാണ്ടുകളായി ആയിരകണക്കിന് വിശ്വാസികൾ പ്രവേശനത്തിനായി ക്യൂ നിന്നുകൊണ്ടിരുന്ന വിശുദ്ധ നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ തിരുപ്പിറവിപ്പള്ളിയും, തിരുക്കല്ലറപ്പള്ളിയും ഇന്ൻ ശൂന്യമായി കിടക്കുകയാണ്. യുദ്ധങ്ങളും, അക്രമങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുപോലും വിശുദ്ധ നാട്ടിലേക്കുള്ള ക്രിസ്ത്യൻ തീർത്ഥാടകരുടെ ഒരിക്കലും ഒഴുക്ക് നിലച്ചിരുന്നില്ല. ക്രീമിയൻ യുദ്ധത്തിനു ശേഷവും ജെറുസലേമിൽ ക്രിസ്ത്യൻ തീർത്ഥാടകർ എത്തിക്കൊണ്ടിരുന്നു.

കഴിഞ്ഞ വർഷം ഇസ്രായേൽ സന്ദർശിച്ച 42 ലക്ഷം വിനോദ സഞ്ചാരികളിൽ 10 ലക്ഷവും ക്രൈസ്തവരായിരുന്നു. ഏതാണ്ട് 150 കോടി ഡോളറാണ് ഇവർ ടൂറിസം മേഖലക്ക് സമ്മാനിച്ചത്. അതേസമയം തീർത്ഥാടകർ ഒഴിഞ്ഞ ഈ സമയം വിശുദ്ധനാട്ടിലെ ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനാണ് വിശുദ്ധനാട്ടിലെ ക്രിസ്ത്യൻ തീർത്ഥാടന സ്ഥലങ്ങളുടെ സുരക്ഷക്കായി വത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ‘കസ്റ്റോഡിയ ടെറാ സാന്റാ’യിലെ അംഗങ്ങളുടെ തീരുമാനം.

You might also like