ഇസ്രായേൽ-പാലസ്തീന സംഘർഷത്തിൽ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് കുട്ടികൾ: യൂണിസെഫ്

0
ഗാസ കുട്ടികളുടെ ഒരു ശവപ്പറമ്പായി മാറിയെന്നും അവിടെ സാധാരണജനജീവിതം നരകതുല്യമായെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.

ഇസ്രായേൽ-പാലസ്തീന സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ മൂവായിരത്തിനാനൂറ്റിയൻപത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ. കഴിഞ്ഞദിവസം ജനീവയിൽ വച്ചുനടത്തിയ പ്രസ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഗാസയിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. പത്ത് ലക്ഷത്തോളം കുട്ടികളാണ് ജലപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംഘർഷങ്ങൾ ആരംഭിച്ച ഉടൻതന്നെ, തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനുവേണ്ടി, ഗാസാ മുനമ്പിൽ വെടിനിറുത്തൽ ആവശ്യമാണെന്ന കാര്യത്തെക്കുറിച്ച് യൂണിസെഫ് വ്യക്തമാക്കിയിരുന്നുവെന്നും, കുട്ടികളെ കൊല്ലരുതെന്ന് തങ്ങൾ മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം ആവശ്യപ്പെട്ടിരുന്നുവെന്നും യൂണിസെഫ് വക്താവ് പറഞ്ഞു.

സംഘർഷങ്ങൾ ആരംഭിച്ച് രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾത്തന്നെ, കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം നൂറുകണക്കിന് കഴിഞ്ഞുവെന്നും, നിലവിൽ മൂവായിരത്തിനാനൂറ്റിയൻപതിലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും ജെയിംസ് എൽഡർ.തന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഈ സംഖ്യ ഭീതികരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഗാസ കുട്ടികളുടെ ഒരു ശവപ്പറമ്പായി മാറിയെന്നും, മറ്റുള്ളവർക്ക് അതൊരു നരകമായിത്തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like