പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതിയ നിയമാവലി പാപ്പാ അംഗീകരിച്ചു

0
1718 ഏപ്രിൽ 23-ന് സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി, “അദ് തെയൊളോജിയാം പ്രൊമോവെന്തം” (Ad theologiam promovendam – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ, ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു. സഭയ്ക്കും ലോകത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുവാനായി കാലാനുചിതമായി ദൈവശാസ്ത്രചിന്തകൾ നവീകരിക്കപ്പെടണമെന്ന് പാപ്പാ. ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സഭയുടെ ദൈവശാസ്ത്രം രൂപപ്പെടേണ്ടത് മേശയ്ക്ക് ചുറ്റുമുള്ള ചർച്ചകളിൽ മാത്രമല്ല.

ഭാവിയിലേക്കുള്ള ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനായി പഴയകാല തത്വങ്ങളും നിയമങ്ങളും മാത്രമല്ല, നിലവിലെ ആഴമേറിയ സാംസ്‌കാരിക മാറ്റങ്ങൾ മനസ്സിലാക്കി, ദൈവികവെളിപാടിന്റെ കൂടി അടിസ്ഥാനത്തിൽ ഭാവിയിലേക്കുള്ള പുതിയ മാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ പുതുക്കിയ നിയമസംഹിത അംഗീകരിച്ചുകൊണ്ട് നവംബർ ഒന്നിന് പുറത്തിറക്കിയ “അദ് തെയൊളോജിയാം പ്രൊമോവെന്തം” (Ad theologiam promovendam – ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി) എന്ന അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്. നാം ജീവിക്കുന്നത് മാറ്റങ്ങളുടെ ഒരു യുഗത്തിൽ മാത്രമല്ല, മറിച്ച് യുഗങ്ങളുടെ ഒരു മാറ്റത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് റോമൻ കൂരിയായോട് 2013-ൽ പറഞ്ഞത് പാപ്പാ ആവർത്തിച്ചു.

1718 ഏപ്രിൽ 23-ന് ക്ലമന്റ് പതിനൊന്നാമൻ പാപ്പാ സ്ഥാപിച്ച പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമി നാളിതുവരെയുള്ള തന്റെ പ്രവർത്തനത്തിൽ സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കും സേവനത്തിനുമായി ദൈവശാസ്ത്രത്തെ അവതരിപ്പിച്ചു എന്ന് പാപ്പാ എടുത്തുപറഞ്ഞു. ഇത്തരമൊരു സേവനത്തെ കഴിഞ്ഞ കാലങ്ങളിൽ വിവിധ പാപ്പാമാർ, അവർ നടത്തിയ നിയമഘടനാഭേദഗതികളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് പാപ്പാ അനുസ്മരിച്ചു.

സിനഡലും, മിഷനറിയും, മറ്റുളളവരിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുമായ ഒരു സഭയുടെ ദൈവശാസ്ത്രത്തിൽ അതിനോട് യോജിച്ചുപോകുന്ന മാറ്റങ്ങൾ ആവശ്യമുള്ളതിനാലാണ് നിലവിൽ പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ നിയമസംഹിത പുതുക്കുവാൻ തീരുമാനിക്കപ്പെട്ടതെന്ന് പാപ്പാ വ്യക്തമാക്കി.

മേശയ്ക്ക് ചുറ്റുമിരുന്ന് തീരുമാനിക്കപ്പെടുന്ന ദൈവശാസ്ത്രത്തേക്കാൾ, ആളുകളിലേക്ക് ഇറങ്ങിച്ചെന്ന്, അവരുമായി ഇടപഴകുകയും, അവരുടെ മുറിവുകൾ സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ഒരു സഭയുടെയും അതിൽനിന്ന് ഉളവാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഒരു ദൈവശാത്രത്തിന്റെയും പ്രാധാന്യം പാപ്പാ തന്റെ അപ്പസ്തോലിക ലേഖനത്തിൽ എടുത്തുപറഞ്ഞു.

You might also like