നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.
കൊല്ലം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന നവകേരള സദസ് ഇന്ന് അവസാനിക്കും. ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായ ഡിവൈഎഫ്‌ഐ- യുത്ത്‌കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ സുരക്ഷ ആണ് നവകേരള സദസ് നടക്കുന്നിടത്തും വഴിയിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ബീച്ച് ഹോട്ടലില്‍ ക്യാബിനറ്റ് യോഗം ചേരും. തുടര്‍ന്ന് 11മണിക്ക് കന്റോണ്‍മെന്റ് മൈതാനത്താണ് ആദ്യ സദസ്സ് നടക്കുക. കടയ്ക്കലിലെ സദസിനു ശേഷം വൈകിട്ട് 4.30 ന് ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ ഗ്രൗണ്ടിലാണ് ജില്ലയിലെ അവസാന സദസ്സ് നടക്കുക. പിന്നീട് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ഇന്നലെ കരുനാഗപ്പള്ളി, ചവറ,കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു സദസ്സ് നടന്നത്. ഇന്നലെ ചിന്നക്കടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് ജില്ലയില്‍ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.