സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; അഞ്ച് ഇറാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

0

സിറിയൻ തലസ്ഥാനമായ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു.

റെസിഡൻഷ്യല്‍ കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ഇറാന്‍റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ഹുജ്ജത്തുല്ല ഒമിദ്‍വാർ, അലി അഗസാദിഹ്, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമിൻ സമദി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നാലു നില കെട്ടിടം പൂർണമായി തകർന്നു. ഏതാനും സിറിയക്കാരും കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.

‘ഇസ്രായേല്‍ ഭീകരാക്രമണം’ എന്നാണ് ആക്രമണത്തെ ഇറാൻ ദേശീയ ടെലിവിഷൻ വിശേഷിപ്പിച്ചത്. എന്നാല്‍, രാഷ്ട്ര നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. മൂസവിയുടെ കൊലപാതകത്തിന് പ്രതികാരമുണ്ടാകുമെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജനറല്‍ ഹുസൈൻ സലാമിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് ശേഷം ഇസ്രായേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തി.

You might also like