ഇടവക വികാരികളായ വൈദികരുടെ ആഗോള സമ്മേളനം ഏപ്രിൽ 28 മുതല്‍ റോമില്‍

0

വത്തിക്കാന്‍ സിറ്റി: സിനഡാത്മകതയെ സംബന്ധിച്ചുള്ള സിനഡ് സമ്മേളനത്തിൻറെ അവസാനത്തെ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം റോമില്‍ ഒരുങ്ങുന്നു. ഏപ്രിൽ 28 മുതല്‍ മെയ് 2 വരെയാണ് സമ്മേളനം നടക്കുക. കത്തോലിക്ക മെത്രാൻ സംഘങ്ങളും പൗരസ്ത്യ സഭകളും തെരഞ്ഞെടുത്തു അയയ്ക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതിൽ സംബന്ധിക്കുക.

മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയവും വൈദികർക്കായുള്ള സംഘവും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വൈദികരുടെ വിവരങ്ങള്‍ മാർച്ച് 15-നകം അതാത് രാജ്യങ്ങളിലെ ബിഷപ്പ് കോൺഫറൻസ് പ്രഖ്യാപിക്കും. ബിഷപ്പ് കോൺഫറൻസിലെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ഓരോ റീജിയണിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വൈദികരുടെ എണ്ണം.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ വൈദികരുടെ വട്ടമേശ ചര്‍ച്ചകള്‍, ആരാധനക്രമ ആഘോഷങ്ങൾ, അജപാലന നിർദേശങ്ങളെക്കുറിച്ചുള്ള ശിൽപ്പശാലകൾ, വിദഗ്ധരുമായുള്ള സംവാദം എന്നിവ നടക്കുമെന്ന് സിനഡ് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. മെയ് 2ന് ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിക്കാനും വൈദികർക്ക് അവസരം ലഭിക്കും. മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം ഇക്കൊല്ലം ഒക്ടോബറിലായിരിക്കും നടക്കുക.

You might also like