കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും.

0

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. അതിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോഡി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ധ്യാനിക്കാനായി കന്യാകുമാരിലേക്ക് പോവുക.

കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം വിവേകാനന്ദപ്പാറയില്‍ നരേന്ദ്ര മോഡി ധ്യാനം ഇരിക്കും. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ജൂണ്‍ ഒന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അടുത്തുള്ള പാറയില്‍ നിര്‍മ്മിച്ച മഹാകവി തിരുവള്ളുവരുടെ പ്രതിമ പ്രധാനമന്ത്രി സന്ദര്‍ശിച്ച് മാല ചാര്‍ത്തും. ഒന്നാം തിയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോഡി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.

2019 ലെ അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസം കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ ശേഷം 17 മണിക്കൂര്‍ മോഡി ധ്യാനം ഇരുന്നിരുന്നു. വിവേകാനന്ദ പാറ സ്മാരകത്തില്‍ പ്രധാനമന്ത്രി 45 മണിക്കൂര്‍ തങ്ങുന്നതിന് കനത്ത സുരക്ഷ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ബീച്ച് അടച്ചിടും കൂടാതെ സ്വകാര്യ ബോട്ടുകളും ഓടാന്‍ അനുവദിക്കില്ല.

രാജ്യത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ലയില്‍ രണ്ടായിരം പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിക്കും. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു.

ജൂണ്‍ ഒന്നിന് പുറപ്പെടുന്നതിന് മുമ്പ് മോഡി തമിഴ് കവി തിരുവള്ളുവരുടെ 133 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്ക് മെമ്മോറിയലിന് അടുത്താണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്.

You might also like