കോവിഡിനെ ചികിത്സിക്കാൻ ഗുളികയുമായി ഫൈസർ
കോവിഡ് പ്രതിരോധത്തിൽ നിലവിൽ ശാസ്ത്രലോകം പ്രഥമ പരിഗണന നൽകുന്നത് രോഗംവരാതെ കാക്കുന്ന വാക്സീനുകൾക്കാണ്. എന്നാൽ രോഗം വന്നവരെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന മരുന്നുകളെ സംബന്ധിച്ച ഗവേഷണങ്ങളും ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന രണ്ട് മരുന്നുകളാണ് അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ ലാബുകളിൽ ഒരുങ്ങുന്നത്.
PF-07304814 എന്ന ഞരമ്പുകളിൽ കുത്തിവയ്ക്കുന്ന മരുന്നും PF-07321332 എന്ന ഗുളിക രൂപത്തിലുള്ള മരുന്നുമാണ് ഫൈസർ തയാറാക്കുന്നത്. ഇതിൽ ആദ്യത്തേത് തീവ്ര ലക്ഷണങ്ങളും സങ്കീർണതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ്19 രോഗികളെ ഉദ്ദേശിച്ചുള്ളതാണ്. ഗുളികയാവട്ടെ കോവിഡിന്റെ ആദ്യഘട്ടത്തിൽ രോഗിക്ക് നൽകാവുന്നതാണ്.
സാർസ് കോവ്-2 വൈറസ് മനുഷ്യ കോശങ്ങളിൽ പ്രവേശിച്ച ശേഷം അതിനെ പെറ്റു പെരുകാൻ സഹായിക്കുന്ന 3CLpro എന്ന പ്രോട്ടീൻ വസ്തുവിനെയാണ് ഈ മരുന്നുകൾ ലക്ഷ്യമിടുന്നത്. ഈ പ്രോട്ടീൻ സാർസ് കോവ്-1 ലും മിഡിൽ ഈസ്റ്റേർൺ റെസ്പിറേറ്ററി വൈറസിലും സമാനമാണ്.
മാർച്ചിൽ ആരംഭിച്ച ഒന്നാംഘട്ട പരീക്ഷണത്തിൽ ഒരു സംഘം വോളന്റിയർമാരിൽ മരുന്നിന്റെ വിവിധ ഡോസുകൾ നൽകി അവയുടെ സുരക്ഷ ഉറപ്പാക്കി. മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങളും രേഖപ്പെടുത്തി.
കോവിഡ് രോഗിയുടെ സ്ഥിതി മെച്ചപ്പെടുത്താൻ മരുന്നുകൾ സഹായകമാണോ എന്ന കാര്യം രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിൽ വിലയിരുത്തും. സാധാരണഗതിയിൽ വർഷങ്ങൾ എടുത്തേക്കാവുന്ന പരീക്ഷണം മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് ഫൈസറിന്റെ ശ്രമം. ഈ വർഷം അവസാനത്തോടെ ഗുളിക ലഭ്യമാക്കാനാണ് ഫൈസർ ശ്രമിക്കുന്നതെന്ന് സിഇഒ ആൽബർട്ട് ബോർല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.