എല്ലാ ദുരിതങ്ങളിലും തന്റെ ജനത്തിന് ശക്തമായ സംരക്ഷണമേകുന്ന കർത്താവ്

0

ദൈവമായ കർത്താവിന്റെ സംരക്ഷണം അനുസ്മരിച്ചുകൊണ്ട് ഇസ്രായേൽ ജനം തിരുനാളാവസരങ്ങളിൽ ആലപിച്ചിരുന്ന ഒരു സീയോൻഗീതമായാണ് നാൽപ്പത്തിയാറാം സങ്കീർത്തനം കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്ന, തിന്മയുടെ ശക്തികളുടെമേൽ വിജയം വരിക്കുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള സങ്കൽപം ഇസ്രായേൽക്കാരുടെ കാലത്തിനും മുൻപുള്ളതാണെന്നും അതുകൊണ്ടുതന്നെ ഈ സങ്കീർത്തനം വളരെ പഴക്കമുള്ള ഒന്നാണെന്നും കരുതപ്പെടുന്നു. കോറഹിന്റെ പുത്രന്മാർ ഗായകസംഘനേതാവിന് കന്യകമാർ എന്ന രാഗത്തിൽ എഴുതിയ ഒരു ഗാനം എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തനം ഇസ്രായേൽ ജനത്തിന്റെ ദൈവവിശ്വാസത്തോട് കൂറുപുലർത്തുന്ന ഒന്നാണ്. സൈന്യങ്ങളുടെ ദൈവമായ കർത്താവ് വസിക്കുന്ന വിശുദ്ധ നഗരത്തെ, സീയോൻമല എന്ന് വിളിക്കപ്പെട്ടിരുന്ന ജെറുസലേമിനെ, ആർക്കും തകർക്കാനാകാത്ത ഉറച്ച ഒരു കോട്ടയായാണ് അവർ കണ്ടിരുന്നത്. യാക്കോബിന്റെ ദൈവം തങ്ങൾക്ക് സംരക്ഷണമേകുമെന്നും എതിർസൈന്യങ്ങളെ തോൽപ്പിക്കുമെന്നും, യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും സമാധാനം കൊണ്ടുവരുമെന്നും ഇസ്രായേൽജനം വിശ്വസിച്ചിരുന്നു. ദൈവസാന്നിദ്ധ്യത്തിൽ മനുഷ്യർ അനുഭവിക്കുന്ന സംരക്ഷണവും, സമാധാനവുമാണ് ഈ സങ്കീർത്തനത്തിലെ പ്രധാന ചിന്തയായി നമുക്ക് കാണാനാകുന്നത്.

ലോകത്തിന്റേതായ ബുദ്ധിമുട്ടുകളിലും പ്രതിസന്ധികളിലും മനുഷ്യന് ആശ്രയിക്കാനാകുന്ന അഭയശിലയും കോട്ടയുമാണ് ദൈവമെന്ന ചിന്തയാണ് സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങൾ നമുക്ക് പകരുന്നത്. പ്രകൃതിയിലെ ശക്തികളെക്കുറിച്ചും മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വിനാശങ്ങളെക്കുറിച്ചുമാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങൾ വിവരിക്കുന്നത്: “ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ടു പർവ്വതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല” (സങ്കീ. 46, 1-3).  ഈജിപ്തിലെ അടിമത്തത്തിൽനിന്ന് തങ്ങളെ മോചിപ്പിച്ച് മോശയുടെ കീഴിൽ വാഗ്ദത്തനാട്ടിലേക്ക് കൊണ്ടുവന്ന ദൈവം തങ്ങൾക്കൊപ്പമുണ്ടെന്ന ചിന്ത ഇസ്രായേൽജനത്തിന് നൽകിയിരുന്ന മനോധൈര്യം കൂടി ഇവിടെ പ്രതിഫലിക്കുന്നുണ്ട്. സ്ഥിരതയുടെ അടയാളമെന്നോണം ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അടർന്ന് സമുദ്രത്തിൽ പതിച്ചാലും, ഭയപ്പെടേണ്ടാത്തവിധമാണ് ദൈവം അവർക്ക് മുന്നിൽ സംരക്ഷണത്തിന്റെ കോട്ടയായി നിലകൊള്ളുന്നത്. എത്ര ശക്തമായ ഭൂകമ്പമുണ്ടായാലും, ഭൂമിയിൽ എത്രമാത്രം ജലനിരപ്പുയർന്നാലും, പർവ്വതങ്ങൾപോലും വിറയ്ക്കുന്നത്ര ശബ്ദമുയർന്നാലും ദൈവം ഒപ്പമുണ്ടെങ്കിൽ ഭയപ്പെടേണ്ട എന്ന ചിന്ത, മധ്യപൂർവ്വദേശങ്ങളിലെ സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും പ്രതിസന്ധികളുടെയും കൂടി അടിസ്ഥാനത്തിലാണ് ഇസ്രായേൽ ജനം മനസ്സിലാക്കിയിരുന്നത്.

You might also like