ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്.

0

മുംബൈ: ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുതുടരുന്നവര്‍, ഇന്ത്യക്കാർ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് പീഡനങ്ങള്‍ക്ക് പ്രേരകമാകുന്നതെന്നും ഹിന്ദുമതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ലായെന്നും ഇത് ആക്രമണങ്ങളിലേയ്ക്കു നയിക്കുകയാണെന്നും ഓപ്പൺ ഡോർസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശ്വാസം പങ്കുവെയ്ക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ കുറ്റം ചാർത്തുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഹിന്ദുമതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ പൂർവവിശ്വാസത്തിലേക്ക് മടങ്ങാൻ ഹിന്ദു ദേശീയവാദികൾ അതിശക്തമായ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായ പീഡനം ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടതെന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ ചൂണ്ടിക്കാട്ടുന്നു. ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തുരത്തപ്പെട്ട് അഭയാർത്ഥികളായി പോകേണ്ടിവന്ന സാഹചര്യത്തിനും ഇന്ത്യ സാക്ഷിയായി.

You might also like