ഗാസയിൽ ഇക്കൊല്ലം മുഴുവൻ യുദ്ധം ; മുന്നറിയിപ്പുമായി ഇസ്രയേൽ ഉദ്യോഗസ്ഥൻ
റാഫ: ഗാസയിൽ ഹമാസിനെതിരേ നടത്തുന്ന യുദ്ധം ഇക്കൊല്ലം അവസാനംവരെ നീളുമെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേഗ്ബി പറഞ്ഞു. സായുധസംഘടനകളായ ഹമാസിന്റെയും ഇസ്‍ലാമിക് ജിഹാദിന്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയൊരു ഏഴുമാസം കൂടിവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എന്നാൽ, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് പരിക്കേറ്റു. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 290 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.