പാക്കിസ്ഥാനിലെ ആൾക്കൂട്ട ആക്രമണം: പ്രതിഷേധം ശക്തമാക്കി ക്രൈസ്തവർ
സെൻട്രൽ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദയുടെ പേരിൽ ക്രൈസ്തവരെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ. പഞ്ചാബിലെ സർഗോധ ജില്ലയിൽ രണ്ട് വീടുകൾക്കും ഷൂ ഫാക്ടറിക്കും നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ് ക്രൈസ്തവർ തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയത്.
ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാർ നഗരം മുതൽ സിന്ധിലെ തെക്കൻ കറാച്ചി വരെ ക്രൈസ്തവർ പ്രതിഷേധവുമായി തടിച്ചുകൂടി.”ഞങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് നീതി ആവശ്യപ്പെടുന്നു. ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. അത് ഇല്ലാതാകണം” വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹസാര ഡിവിഷനിലെ പീസ് കമ്മിറ്റി ചെയർമാൻ നോഷെർവാൻ ഇഖ്ബാൽ പറഞ്ഞു.
ക്രിസ്ത്യൻ ഫാക്ടറി ഉടമ നസീർ മസിഹിനെ മുജാഹിദ് കോളനിയിലെ താമസസ്ഥലത്ത് ഖുർആനിന്റെ പേജുകൾ കത്തിച്ചുവെന്നാരോപിച്ച് നാനൂറിലധികം വരുന്ന ജനക്കൂട്ടം വടികളും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. “വ്യാപാരിയായ ഞങ്ങളുടെ സഹോദരൻ ഇരയാക്കപ്പെട്ടു. ഞങ്ങൾ സമാധാനപരമായ ആളുകളാണ്. എന്നാൽ ഞങ്ങളെ അവർ ആക്രമിക്കുകയാണ്”- ഇക്ബാൽ ചൂണ്ടിക്കാട്ടി.
ഈ സംഭവത്തിനു സമാനമായ രീതിയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്നിരുന്നു. അന്നത്തെ ആൾക്കൂട്ട ആക്രമണത്തിന് സാക്ഷ്യം വഹിച്ച പഞ്ചാബ് പ്രവിശ്യയിലെ സർഗോധയിൽ നിന്നുള്ള 200-ലധികം ക്രിസ്ത്യൻ കുടുംബങ്ങളിൽ പകുതിയിലധികം ആളുകളും അവിടെ നിന്നും പലായനം ചെയ്തിരുന്നു.