രാത്രിയും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താം; ലോ-ഓർബിറ്റ് റഡാർ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് യുഎഇ

0

ദുബായ്: ആദ്യത്തെ ലോ എർത്ത് ഓർബിറ്റ് സിന്തറ്റിക് ആപച്ചർ റഡാർ ഉപഗ്രഹം (Low Earth Orbit (LEO) Synthetic Aperture Radar (SAR)) ഭ്രമണപഥത്തിലെത്തിച്ച് യുഎഇ.കാലിഫോർണിയയിലെ വാൻഡൻബെർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്‌പേസ് എക്‌സ് റോക്കറ്റിലാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത ഓർബിറ്റിൽ കറങ്ങുന്ന സിന്തറ്റിക് ആപച്ചർ റഡാറിന് രാത്രിയും പകലും ഭൂമിയുടെ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഉപഗ്രഹത്തിന്റെ ക്യാമറകൾക്ക് കാലാവസ്ഥാ വ്യതിയാനമോ സൂര്യപ്രകാശമോ തടസ്സമാകില്ല. ഭൗമോപരിതലത്തെ കൃത്യമായി പകർത്താൻ സാധിക്കുന്ന സെൻസിങ് സംവിധാനം ഇതിന് സഹായിക്കും. നിലവിലുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് എടുക്കുന്നതിനേക്കാൾ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ എസ്എആർ ഉപഗ്രഹത്തിന് കഴിയും.
കലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം സ്പേയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ 11ൽ ആണ് ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമിയിലെ കൺട്രോൾ സ്റ്റേഷനുമായി ഉപഗ്രഹം ബന്ധം സ്ഥാപിച്ചു. ഭൂമിയെ ഉയരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തം മുൻകൂട്ടി അറിയുന്നതിനും ഉപഗ്രഹം സഹായിക്കും.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളായ ബയാനാത്ത്, യാസാത്ത് എന്നിവയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. യൂറോപ്യൻ കമ്പനിയായ ഐ.സി.ഇ.വൈ.ഇയുമായി സഹകരിച്ചാണ് ഇരു കമ്പനികളും സാറ്റലൈറ്റ് വികസിപ്പിച്ചത്. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാൻ സാധിക്കും.

You might also like