പാപ്പ ആഹ്വാനം ചെയ്ത മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തിൽ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു

0

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ജൂലൈ ഇരുപത്തിഅഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തില്‍ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. അപ്പസ്റ്റോലിക പെനിറ്റൻഷ്യറിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യേശുവിന്റെ മുത്തശ്ശി – മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് (ഈ വര്‍ഷം ജൂലൈ 25) ഫ്രാൻസിസ് പാപ്പ മുത്തശ്ശീമുത്തശ്ശന്മാരുടെ ആഗോള ദിനമായി പ്രഖ്യാപിച്ചത്. പ്രഥമദിനത്തോടനുബന്ധിച്ചു, അല്‍മായർ-കുടുംബങ്ങൾ- ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള കൂരിയ ഓഫീസിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരലിന്റെ അഭ്യർത്ഥന സ്വീകരിച്ച് പെനിറ്റെൻഷ്യറിയുടെ തലവനായ കർദ്ദിനാൾ മൗറോ പിയസെൻസ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിക്കുകയായിരിന്നു.

ഇതേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന തിരുകര്‍മ്മങ്ങളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ പാലിക്കുകയുമാണ് ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

You might also like