വിസ്മയനാദം ഇനിയില്ല :പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഓർമ്മയായി..
ചെന്നൈ : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊറോണ വൈറസ്് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്തംബര്‍ എട്ടിന് അദ്ദേഹത്തിന് കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ സ്ഥിതി മോശമായി തുടര്‍ന്നു. തുടര്‍ന്ന് സെപ്തംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി.. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.
1946 ജൂണ്‍ 4ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.
എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.
ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.
ഏക് ദൂജേ കേലിയേ (1981ഹിന്ദി) ,സാഗര സംഗമം (1983തെലുങ്ക്),രുദ്രവീണ (1988തെലുങ്ക്), സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995കന്നഡ), മിന്‍സാര കനവ് (1996തമിഴ്) എന്നിവയായിരുന്നു ആ സിനിമകള്
യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിംഫെയര്‍ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്ബതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ടിവി പരമ്ബരകളിലും അഭിനയിച്ചു.2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
ഭാര്യ- സാവിത്രി.മക്കള്‍ പല്ലവി, എസ്.പി.ബി ചരണ്‍. ചരണ്‍ ഗായകനും നടനും സിനിമാ നിര്‍മ്മാതാവുമാണ്.
‘സുഖമായിരിക്കുന്നു, രണ്ടു ദിവസത്തിനകം ആശുപത്രി വിടും’. ഓഗസ്റ്റ് അഞ്ചിന് എസ്.പി. ബാലസുബ്രഹ്മണ്യം പറഞ്ഞ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കണ്ണുംനട്ടിരുന്ന ഓരോ പ്രേക്ഷകനും. വളരെ തീവ്രത കുറഞ്ഞ കോവിഡ് ബാധയാണ് തനിക്കെന്നും വീട്ടിലിരുന്ന് മാറ്റേണ്ട കാര്യമേ ഉള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ വീട്ടുകാരുടെ ഉല്‍കണ്ഠ കണക്കിലെടുത്ത് ആശുപത്രിയില്‍ തുടരുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
“നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുകയും വിട്ടുവിട്ട് പനിയും ജലദോഷവും വരികയും ചെയ്തപ്പോഴാണ് പരിശോധനയ്ക്ക് വിധേയനായത്. തീരെ ചെറിയ തോതില്‍ മാത്രമേ കോവിഡ് ബാധയുള്ളൂ എന്ന് കണ്ടെത്തി. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയാനായിരുന്നു ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. ഇപ്പോള്‍ സുഖമായിരിക്കുന്നു. തന്റെ ആരോഗ്യ സ്ഥിതി ഓര്‍ത്ത് ആകുലപ്പെടേണ്ട കാര്യമില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകാന്‍ സാധിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ആ മടങ്ങിവരവ് കാത്തിരുന്നവരുടെ കണ്ണുനിറയിച്ച് .
എസ്.പി.ബി.യുടെ വരവിനായി മാറ്റിവച്ച ഒരു സംഗീത പരിപാടിയും അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതെ പോവുകയായിരുന്നു. ന്യൂസ് 18 മലയാളത്തിന് അനുവദിച്ച ഗായകന്‍ ഉണ്ണി മേനോനാണ് അക്കാര്യം പറഞ്ഞത്. ഉണ്ണി മേനോന്‍ തന്നെ മുന്‍കൈയെടുത്താണ് എസ്.പി.ബി.യുടെ ആരോഗ്യനിലയോര്‍ത്ത് ആ പരിപാടി മാറ്റിവച്ച്, അദ്ദേഹവും കൂടി വന്ന ശേഷം മാത്രം നടത്താം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. അപ്രകാരം പരിപാടി ഓഗസ്റ്റില്‍ നിന്നും സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
“ഈ മാസം ജപ്പാനിലെ ടോക്കിയോ തമിഴ് സംഘം നടത്തുന്ന ഒരു ഓണ്‍ലൈന്‍ ഷോയുണ്ട്. കഴിഞ്ഞ മാസം വച്ചിരുന്ന ഷോയാണ്. ബാലു സാറിന് (എസ്.പി. ബാലസുബ്രഹ്മണ്യം) സുഖമില്ലാതാവുന്നത് അപ്പോഴാണ്. ഞാന്‍ തന്നെ പറഞ്ഞിട്ടാണ് അത് മാറ്റി വച്ചത്. അദ്ദേഹത്തിന്റെ ആ അവസ്ഥയില്‍ നമ്മള്‍ ആഘോഷമായി പരിപാടി നടത്തുന്നത് ശരിയല്ല. സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി വച്ചു. അപ്പോഴേക്കും ബാലു സര്‍ സുഖപ്പെടുമെന്ന വിശ്വാസത്തിലാണ്.” സെപ്റ്റംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഉണ്ണി മേനോന്‍ പറഞ്ഞ വാക്കുകള്‍.
ഏറ്റവുമൊടുവിലായി എസ്.പി.ബി.യെ സന്ദര്‍ശിച്ചത് നടന്‍ കമല്‍ ഹാസനാണ്. അദ്ദേഹം 50 ദിവസം ചികിത്സയില്‍ കഴിഞ്ഞ ഐ.സി.യു.വില്‍ കയറി കണ്ട ശേഷം നില അതീവ ഗുരുതരമാണെന്ന് കമല്‍ ഹാസന്‍ അറിയിക്കുകയായിരുന്നു.