58 പന്തില്‍ എട്ടു ഫോറും നാലു സിക്‌സുമടക്കം 99 റണ്‍സ്; പഞ്ചാബിനായി മുന്നില്‍ നിന്നും പട നയിച്ച്‌ ‘ക്യാപ്റ്റന്‍’ മായങ്ക് അഗര്‍വാള്‍; ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സ് വിജയലക്ഷ്യം

0

അഹമ്മദാബാദ്: അര്‍ഹിച്ച സെഞ്ചുറി ഒരു റണ്‍സിന് നഷ്ടമായെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി പഞ്ചാബ് കിങ്‌സിനായി പടയെ നയിച്ച്‌ മയാങ്ക് അഗര്‍വാള്‍. പകരക്കാരന്‍ നായകന്റെ ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 167 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സെടുത്തത്.

ഓവറുകള്‍ തീര്‍ന്നതുകൊണ്ടു മാത്രമാണ് ഒരേയൊരു റണ്ണിന് അര്‍ഹിച്ച സെഞ്ചുറി മയാങ്ക് അഗര്‍വാളിന് നഷ്ടമായത്. ഓപ്പണറായി ഇറങ്ങിയ അഗര്‍വാള്‍ 58 പന്തില്‍ എട്ടു ഫോറും നാലു സിക്‌സും സഹിതം 99 റണ്‍സുമായി പുറത്താകാതെ നിന്നു. അപ്പെന്‍ഡിസൈറ്റിസ് മൂലം ടീമില്‍നിന്ന് ഒഴിവായ കെ.എല്‍.രാഹുലിനു പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മയാങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

പഞ്ചാബ് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലന്‍ 26 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്തു. പവര്‍പ്ലേയില്‍ 35 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന്, മൂന്നാം വിക്കറ്റില്‍ അഗര്‍വാള്‍ മലന്‍ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 47 പന്തില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 52 റണ്‍സ്. പിന്നീട് അഞ്ചാം വിക്കറ്റില്‍ 23 പന്തില്‍ 41 റണ്‍സടിച്ച അഗര്‍വാള്‍ ഷാരൂഖ് ഖാന്‍ സഖ്യവും പഞ്ചാബിന് കരുത്തായി. ഇതില്‍ 37 റണ്‍സും അഗര്‍വാളിന്റെ വകയാണ്.

പിരിയാത്ത ഏഴാം വിക്കറ്റില്‍ വെറും ആറു പന്തില്‍നിന്ന് അഗര്‍വാള്‍ ഹര്‍പ്രീത് ബ്രാര്‍ സഖ്യം 23 റണ്‍സെടുത്തതില്‍ 17 റണ്‍സും പിറന്നത് അഗര്‍വാളിന്റെ ബാറ്റില്‍നിന്നു തന്നെ! ആവേശ് ഖാന്‍ എറിഞ്ഞ 20ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം അഗര്‍വാളും ഹര്‍പ്രീതും ചേര്‍ന്ന് അടിച്ചെടുത്തത് 23 റണ്‍സാണ്. പ്രഭ്‌സിമ്രാന്‍ സിങ് (16 പന്തില്‍ 12), ക്രിസ് ഗെയ്ല്‍ (ഒന്‍പത് പന്തില്‍ 13), ദീപക് ഹൂഡ (ഒരു പന്തില്‍ ഒന്ന്), ഷാരൂഖ് ഖാന്‍ (അഞ്ച് പന്തില്‍ നാല്), ക്രിസ് ജോര്‍ദാന്‍ (മൂന്നു പന്തില്‍ രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഹര്‍പ്രീത് ബ്രാര്‍ രണ്ടു പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

ഡല്‍ഹിക്കായി നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ കഗീസോ റബാദയുടെ പ്രകടനം ശ്രദ്ധേയമായി. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. ആവേശ് ഖാന്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇഷാന്ത് ശര്‍മ നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം 37 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

You might also like