കുഞ്ഞിനെ മാറ്റിയ സംഭവം: അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും . മറ്റ് ബന്ധുക്കളോടും പോലീസ് വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പോലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. ”ഞങ്ങൾക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ശിശുക്ഷേമ സമിതിയുടെയും ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായവും കിട്ടിയില്ല. അവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളൊന്നും ചെയ്തിട്ടുമില്ല. എന്റെ കുഞ്ഞിന്റെ കാര്യം മാത്രമല്ല. നാളെ വേറൊരു കുഞ്ഞിനും അമ്മയ്ക്കും ഈ അവസ്ഥ വരാം.” അനുപമ പറഞ്ഞു.
കുഞ്ഞിന്റെ സുരക്ഷ ബന്ധപ്പെട്ടവർ നോക്കണമായിരുന്നു. എന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ എന്നെ പ്രതിചേർത്തിട്ടാണെങ്കിലും അവർക്ക് അന്വേഷിക്കാമായിരുന്നു. എന്നാൽ, ആറു മാസമായിട്ടും ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ല. ഇതേക്കുറിച്ച് വകുപ്പുതലത്തിൽ റിപ്പോർട്ട് ചോദിച്ചതുകൊണ്ടായില്ല. അവർക്കെതിരെ നടപടിയുമെടുക്കണം. വിഷയം സർക്കാരിന്റെയും ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും ശ്രദ്ധയിൽ വരണം. അതിനാണ് ഈ സമരം. എല്ലാവരും എനിക്ക് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.