TOP NEWS| അള്‍ജീരിയയില്‍ ക്രൈസ്തവ വിശ്വാസം സ്വികരിച്ചതിന് യുവാവിന് തടവുശിക്ഷ; ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത്
അള്‍ജിയേഴ്സ്: ആഫ്രിക്കയുടെ വടക്ക് ഭാഗത്തുള്ള രാഷ്ട്രമായ അള്‍ജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച അള്‍ജീരിയന്‍ സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. അമുസ്ലീങ്ങളുടെ ആരാധനകള്‍ നിയന്ത്രിക്കുന്നതിനായി പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ പേര് പറഞ്ഞ് ഫൗദില്‍ ബാഹ്ലൗള്‍ എന്ന പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച നടപടിയെ സംഘടന ശക്തമായി അപലപിച്ചു. സര്‍ക്കാര്‍ വിഭാഗങ്ങളുടെ അനുമതിയില്ലാതെ സംഭാവനകളും, സമ്മാനങ്ങളും സ്വീകരിച്ചു എന്ന്‍ ആരോപണമുന്നയിച്ച് ഏപ്രില്‍ 17-നാണ് അള്‍ജീരിയന്‍ അധികാരികള്‍ ഫൗദില്‍ ബാഹ്ലൗളിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 യൂറോ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്നതാണ് ആരോപണത്തിന്റെ അടിസ്ഥാനമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 21-ന് എയിന്‍ ഡെല്‍ഫായിലെ ഒരു കോടതി അദ്ദേഹത്തെ 6 മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ബാഹ്ലൗളിന് അഭിഭാഷകനെ വെക്കുന്നതിനോ, സാക്ഷികള്‍ പറയുന്നത് കേള്‍ക്കുന്നതിനോ കോടതി തയ്യാറായില്ല എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമുസ്ലീങ്ങളുടെ ആരാധനകളെ നിയന്ത്രിക്കുന്നതിനായി 2006-ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ബാഹ്ലൗള്‍ ബൈബിള്‍ വിതരണം ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബാഹലൗളിനെതിരെയുള്ള വിവേചനം അവസാനിപ്പിച്ച് അദ്ദേഹത്തെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മധ്യപൂര്‍വ്വേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഡെപ്യൂട്ടി ഡയറക്ടര്‍ ആംനാ ഗുയെല്ലാലി അള്‍ജീരിയന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
2006-ലെ നിയമം അമുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുകയാണെന്നും, മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്നതിന് പകരം അവരുടെ ചിന്താ സ്വാതന്ത്ര്യത്തേയും, മതവിശ്വാസത്തേയും സംരക്ഷിക്കുവാനാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്നും ഗുയെല്ലാലി കൂട്ടിച്ചേര്‍ത്തു. അള്‍ജീരിയയില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വിവേചനത്തിനിരയാകുന്നത് ഇതാദ്യമായല്ല. യു.എസ് ജനപ്രതിനിധി സഭയും, ഐക്യരാഷ്ട സഭയുടെ മനുഷ്യാവകാശ കമ്മിറ്റിയും മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച അള്‍ജീരിയായിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ നിരവധി ക്രിസ്ത്യാനികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അള്‍ജീരിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തടയിടുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടനകള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരിന്നു. അന്താരാഷ്ട്ര മതസാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് അള്‍ജീരിയയുടെ സ്ഥാനം.