ജര്‍മ്മനിയിൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ 150% വർദ്ധനവ്

0

ബെര്‍ലിന്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ജര്‍മ്മനിയില്‍ മതവിദ്വേഷത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്ന്‍ മടങ്ങായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2020 വരെ ജര്‍മ്മനിയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ അന്‍പത്തിയേഴില്‍ നിന്നും 141 ആയി വര്‍ദ്ധിച്ചുവെന്നാണ് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒഐഡിഎസി) എന്ന നിരീക്ഷക സംഘടന യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ കുറിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

ജര്‍മ്മന്‍ പോലീസും, ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസും ലോകത്തെ ഏറ്റവും വലിയ സുരക്ഷാധിഷ്ടിത ഇന്റര്‍-ഗവണ്‍മെന്റല്‍ വിഭാഗമായ ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ്‌ കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ്’ന് (ഒ.എസ്.സി.ഇ) നല്‍കിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിനു ആധാരം. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നതും കവര്‍ച്ചക്കിരയായതും, സെമിത്തേരി അലംകോലമാക്കിയതും, ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ഭീഷണികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമേ, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള 172 സംഭവങ്ങള്‍ സഭാസംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങള്‍ സ്വാസ്തിക് ചിഹ്നം കൊണ്ട് വികൃതമാക്കിയ സംഭവങ്ങളുമുണ്ട്. ഇസ്ലാമിക അടിച്ചമര്‍ത്തല്‍ .ക്രൈസ്തവര്‍ക്കെതിരെയുള്ള മാരക അക്രമങ്ങളായി പരിണമിച്ചു കഴിഞ്ഞുവെന്നും, യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഇസ്ലാമിക അടിച്ചമര്‍ത്തല്‍ പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മ്മനിയില്‍ മാത്രമല്ല യൂറോപ്പിലാകെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനം വ്യാപകമാണെന്നും ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വവര്‍ഗ്ഗാനുരാഗ വിരുദ്ധരും, ഫെമിനിസ്റ്റ് വിരുദ്ധരുമായി മുദ്രകുത്തി അവരുടെ അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. വര്‍ഗ്ഗീയ വാദികളുടെ ആക്രമണങ്ങളില്‍ നിന്നും ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ജര്‍മ്മനി കൈകൊള്ളേണ്ടതുണ്ടെന്ന നിര്‍ദ്ദേശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

You might also like