വത്തിക്കാന്റെ കത്ത് കഴിഞ്ഞ വര്‍ഷത്തേത് ആണെന്ന ലൂസി കളപ്പുരയുടെ വാദം പൊളിഞ്ഞു

0

മാനന്തവാടി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന ലൂസി കളപ്പുരയുടെ വാദം പൊളിഞ്ഞു. വത്തിക്കാനില്‍നിന്ന് വന്ന കത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മുന്‍ കന്യാസ്ത്രീയുടെ വാദം പൂര്‍ണ്ണമായി പൊളിഞ്ഞത്. ഇന്നലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തീയതിയാണ് രേഖപെടുത്തിയിരിക്കുന്നതെന്നും ഒരു വര്‍ഷം മുന്‍പത്തെ കത്ത് ഉപയോഗിച്ച് മഠം അധികാരികള്‍ വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് ലൂസി കളപ്പുര അവകാശപ്പെട്ടിരിന്നത്.

വത്തിക്കാനില്‍ നിന്നാണെന്നു സൂചിപ്പിച്ച് തനിക്കു ലഭിച്ച കത്തില്‍ രേഖപെടുത്തിയിരിക്കുന്ന തീയതി 2020 മെയ് 27 ആണെന്നും തന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുന്നതിനു മുമ്പ് വന്ന കത്ത് സൂക്ഷിച്ചുവച്ച് എഫ്.സി.സി വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് ഇവര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ 2021 മെയ് 27നാണ് കത്ത് അയച്ചിരിക്കുന്നതെന്നതിന്റെ തെളിവുകളാണ് വത്തിക്കാനില്‍ നിന്നുള്ള കത്തിന്റെ കോപ്പിയില്‍നിന്നു വ്യക്തമാകുന്നത്. 2021 മെയ് 18 നാണ് കത്തോലിക്കാ സഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്‌തോലിക്ക സിഗ്നത്തൂരയുടെ അധികാരി കര്‍ദ്ദിനാള്‍ ഡൊമിനിക് മാമ്പെര്‍ത്തിയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നുണ്ട്.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലൂസി ഉന്നയിച്ച മറ്റൊരു വാദം, വിചാരണ നടന്നിട്ടുണ്ടെങ്കില്‍തന്നെ ഇരയായ തന്റെ വക്കീലുമായി സംസാരിക്കാതെയാണ് കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചതെന്നാണ്. എന്നാല്‍ ഇതും തെറ്റാണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. കക്ഷികളുടെ പ്രതിനിധികളായ അഭിഭാഷകരോട് സംസാരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചതെന്നും വത്തിക്കാനില്‍നിന്നുള്ള കത്തില്‍ വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഹര്‍ജി തള്ളിയതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ വിധിയെ ചോദ്യം ചെയ്യാനുള്ള വാദങ്ങളൊന്നും കക്ഷി സൂചിപ്പിച്ചിട്ടില്ലെന്നും വത്തിക്കാന്റെ കത്തില്‍ പറയുന്നു.

വത്തിക്കാന്റെ കത്ത് പുറത്തുവന്നതോടെ ലൂസി കളപ്പുരക്കല്‍ മാധ്യമങ്ങളോട് പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമാണെന്നു തെളിയുകയാണ്. ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനാണ് ലൂസി കളപ്പുരയെ കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് അപ്പീല്‍ നല്‍കി. ഇത് തള്ളി വത്തിക്കാന്‍ തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും ലൂസി കളപ്പുര നല്‍കിയ ഹര്‍ജിയാണ് വത്തിക്കാന്റെ പരമോന്നത സഭാകോടതി തള്ളിയിരിക്കുന്നത്.

You might also like